ഇരുട്ടുമുറിയിലെ രഹസ്യം


അന്ന് രാത്രി നല്ല മഴയുള്ള നേരത്താണ് ഞാൻ ആ പഴയ വീട്ടിലെത്തിയത്. ജനലുകൾ കാറ്റത്ത് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ആകെ ഒരു ഭയപ്പെടുത്തുന്ന അന്തരീക്ഷം. പെട്ടെന്നാണ് എന്റെ സുഹൃത്ത് രാജു എന്നെ ആ ഇരുട്ടുമുറിയിലേക്ക് വിളിച്ചത്.

അവിടെ ഒരു ചെറിയ മെഴുകുതിരി വെട്ടം മാത്രം. രാജുവിന്റെ കയ്യിൽ തിളങ്ങുന്ന കൂർത്ത ഒരു കത്തിയുണ്ടായിരുന്നു. അവന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം.

"ഇത് ചെയ്യാൻ നിനക്ക് ധൈര്യമുണ്ടോ?" അവൻ പതുക്കെ ചോദിച്ചു. എന്റെ നെഞ്ചിടിപ്പ് കൂടി.

"എനിക്ക്... എനിക്ക് പേടിയാകുന്നു രാജു. നമുക്കിത് നാളെ പകൽ ചെയ്തൂടെ?" ഞാൻ വിക്കി വിക്കി പറഞ്ഞു.

"ഇല്ല, ഇത് ഇപ്പോഴേ തീർക്കണം. താമസിച്ചാൽ ഇതിന്റെ ഗുണം പോകും. നീ ഇതിന്റെ ആ ഭാഗം ഒന്ന് മുറുക്കി പിടിച്ചേ," രാജു ആജ്ഞാപിച്ചു.

കത്തിയുടെ വായ്ത്തലയിൽ മെഴുകുതിരി വെട്ടം തട്ടി പ്രതിഫലിക്കുന്നുണ്ട്. അവൻ പതുക്കെ ആ വസ്‌തുവിന്റെ തൊലി കീറാൻ തുടങ്ങി. ഉള്ളിൽ നിന്ന് ചുവന്ന ദ്രാവകം പതുക്കെ പുറത്തേക്ക് ഒലിച്ചിറങ്ങി. അവന്റെ കയ്യിലും മുഖത്തും ആ ചുവപ്പ് പടരുന്നത് കണ്ടപ്പോൾ എന്റെ ബോധം പോകുമെന്ന് തോന്നി.

"ഇനി ഇത് കഷണങ്ങളാക്കണം. വേഗം താഴെ ഒരു പാത്രം വെക്ക്," അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.

രക്തം പോലെ ചുവന്ന ആ ദ്രാവകം തറയിലേക്കും വീഴുന്നുണ്ടായിരുന്നു. കൈകൾ വിറയ്ക്കുന്നുണ്ടെങ്കിലും ഞാൻ ആ പാത്രം നീട്ടിപ്പിടിച്ചു. ഒടുവിൽ എല്ലാം കഴിഞ്ഞപ്പോൾ അവൻ ആ കത്തി താഴെ വെച്ചു.

"ഇനി ഇത് എടുത്ത് അകത്തേക്ക് ഇട്ടോ. എങ്ങനെയുണ്ട്?" രാജു ചിരിച്ചുകൊണ്ട് ചോദിച്ചു.



ഞാൻ കണ്ണുതുറന്ന് നോക്കി... നല്ല ചുവന്ന് തുടുത്ത, തണുത്ത തണ്ണിമത്തൻ!

"അർദ്ധരാത്രിയിൽ തണ്ണിമത്തൻ മുറിച്ചു കഴിക്കുന്നതിന്റെ ഒരു സുഖം വേറെ തന്നെയാണ് അല്ലേടാ?" രാജു ചിരിച്ചുകൊണ്ട് ഒരു കഷ്ണം എനിക്ക് നേരെ നീട്ടി.

മഴ നനഞ്ഞ ആ തണുപ്പിൽ തണ്ണിമത്തനും കഴിച്ച് നിൽക്കുമ്പോൾ എന്റെ ശ്വാസം നേരെ വീണു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍

Thanks