ഹിജ്റ അഞ്ചില്‍ നടന്ന ബനൂ മുസ്ത്വലഖ് യുദ്ധത്തില്‍ ബന്ധിയാക്കപെട്ടവരില് ഒരാളായിരുന്നു ജുവൈരിയ. യുദ്ധം കഴിഞ്ഞു മുസ്ലിം സൈന്യം മദീനയിലെത്തിയ ശേഷം അവരെ മോചിപ്പിക്കാന്‍ മോചന മൂല്യവുമായി പിതാവ് ഹാരിസ് വന്നു. എന്നാല്‍ നബിതിരുമേനി(സ്വ) അവരെ പ്രതിഫലമൊന്നും വാങ്ങാതെ മോചിപ്പിച്ചു. അതോടെ ഹാരിസും രണ്ട് പുത്രന്മാരും ഇസ്ലാം സ്വീകരിച്ചു. മകളെ തിരുനബിക്ക്(സ്വ) വിവാഹം ചെയ്തു കൊടുക്കുവാന്‍ സന്നദ്ധരാകുകയും ചെയ്തു. അമ്പത്തിയെട്ടുകാരനായ തിരുനബിക്ക്(സ്വ) അപ്പോള്‍ത്തന്നെ ഏഴു ഭാര്യമാര്‍ ഉണ്ടെന്നു അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ഈ വിവാഹം. തിരുനബി(സ്വ) അവരെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാതെ തന്റെ അധീനതയില്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ പോലും അന്നത്തെ സാമൂഹിക നിയമങ്ങളും യുദ്ധനിയമങ്ങളും അനുസരിച്ച് ആര്‍ക്കും അത് ചോദ്യം ചെയ്യാനാകുമായിരുന്നില്ല. എന്നിട്ടും ആ വഴിക്ക് തിരുനബി(സ്വ) ആലോചിച്ചില്ല. ആ വിവാഹം ഉദാത്തമായ മറ്റൊരു നന്മക്കു കൂടി വഴിയൊരുക്കി. നബിതിരുമേനി(സ്വ) അവരെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ചതറിഞ്ഞ ശിഷ്യന്മാര് കൈവശമുണ്ടായിരുന്ന നൂറോളം അടിമകളെ മോചിപ്പിച്ചു. ഇതേക്കുറിച്ച് പില്ക്കാലത്ത് തിരുനബി പത്നി ആഇശ(റ) പറയുകയുണ്ടായി: 'സ്വന്തം സമുദായത്തിന് ജുവൈരിയയോളം അനുഗ്രഹമായി തീര്‍ന്ന ഒരു പെണ്ണും ഉണ്ടായിട്ടുണ്ടാവില്ല, അവള് മുഖേന നൂറു കുടുംബങ്ങളാണ് അടിമത്തത്തില്‍ നിന്നു മോചിതരായത്'.