ക്ഷമയുള്ളവർക്കല്ലേ... പടച്ചോൻ
"ന്റെ മോനേ നല്ല പാവാ... ഓൻ നല്ലോണം പഠിച്ചീന്ന്... ന്നെ നല്ലോണം സ്‌നേഹിച്ചീര്ന്ന്... ന്നെ നല്ലോണം സഹായിച്ചീര്ന്ന്... ഇങ്ങളല്ലേ, ഇങ്ങളൊക്കെല്ലേ ഓനെ കൊന്നത്. പടച്ചോൻ പൊറുക്കൂലടാ... ന്റെ മോനേ നല്ല പാവാ..."
ഉച്ച കഴിഞ്ഞ് പള്ളിയിലേക്ക് നടന്നുപോകുമ്പോളാണ് ആ വാക്കുകൾ കാതിൽ തട്ടിയത്. ഒരു കീറിയ തുണിസഞ്ചിയും മുറുകെ പിടിച്ച് ബസ് സ്റ്റാൻഡിന് അടുത്തുള്ള തണലിൽ ഇരുന്നുകൊണ്ട് ഒരു പാവം ഉമ്മ പിറുപിറുക്കുന്നു. ആരോടോ സംസാരിക്കുന്നത് പോലെയല്ല, സ്വന്തം മനസ്സിനോട് പറയുന്നതുപോലെ. ഇടയ്ക്ക് ഒരു നിമിഷം നിശ്ശബ്ദമാകും. കുറച്ച് കഴിഞ്ഞാൽ വീണ്ടും അതേ വാക്കുകൾ ആവർത്തിക്കും.
എന്തോ ഒരു പന്തികേട് തോന്നിയപ്പോൾ, അടുത്തുള്ള കടയിലെ നാരായണേട്ടനോട് കാര്യങ്ങൾ തിരക്കി. നാരായണേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ 'ചോദിക്കണ്ടായിരുന്നു' എന്ന് മനസ്സ് മന്ത്രിച്ചു. അത്രയേറെ ദയനീയത ആ കണ്ണുകളിൽ തളം കെട്ടി നിന്നിരുന്നു.
നാരായണേട്ടൻ പറഞ്ഞുതുടങ്ങി:
ആ ഉമ്മ ഒരു ടീച്ചറായിരുന്നു. ചെറുപ്പത്തിലേ ഭർത്താവ് ഉപേക്ഷിച്ചു പോയതാണ്. കാരണം, ആകെ ഉണ്ടായിരുന്ന മകന് ബുദ്ധിപരമായ വെല്ലുവിളികൾ ഉണ്ടായിരുന്നു. ഭർത്താവ് പോയതോടെ, ആ ഉമ്മയുടെ ലോകം മുഴുവൻ മകനായി മാറി. വൈകല്യമുള്ള മകനെ ശ്രദ്ധിക്കാൻ വേണ്ടി പിന്നീട് അവർക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും, ആ ഉമ്മ അവനെ വല്ലാതെ സ്നേഹിച്ചു, അതിലേറെ ജീവനായിരുന്നു.
പിന്നെ നാരായണേട്ടൻ മുന്നിലുള്ള ഒഴിഞ്ഞ പറമ്പിലേക്ക് കൈ ചൂണ്ടി: "ഒരു ദിവസം ഒരു പതിനൊന്ന് മണി നേരത്ത്, ഓൻ ആ കാണുന്ന പറമ്പിലൂടെ നടന്നു വര്യേർന്നു. പറമ്പിൽ പന്നിയും മറ്റും വരുന്നതിന് വെച്ച കെണിയിൽ, അറിയാതെ എങ്ങനെയോ ഷോക്കിൽ കുടുങ്ങിപ്പോയി. കണ്ട ഞങ്ങൾക്ക് ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഒച്ചപ്പാട് കേട്ട് ഓടിവന്ന നാട്ടുകാരുടെ കൂട്ടത്തിൽ ആ ഉമ്മയുമുണ്ടായിരുന്നു. കറന്റ് ഓഫാക്കിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
"ആ കാഴ്ച കണ്ട സമയം മുതൽ ഉമ്മാന്റെ അവസ്ഥ ഇതുതന്നെ. എന്നും ഈ നേരമാവുമ്പോൾ ബസ് സ്റ്റാൻഡിന്റെ അടുത്ത് ഉമ്മാനെ കാണും..."
ഇതൊക്കെ പറയുമ്പോഴും നാരായണേട്ടന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. "ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങള്... പാവം ആ..." പൂർത്തിയാക്കാൻ സാധിക്കാതെ അദ്ദേഹം മൗനമായി.
ശരിയാണ്...
പടച്ചോന് ഇഷ്ടമുള്ളവരെയാണല്ലോ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
2 അഭിപ്രായങ്ങള്‍
Masha Allah ushaar aayittund
മറുപടിഇല്ലാതാക്കൂ❤️
മറുപടിഇല്ലാതാക്കൂThanks