സാംസ്‌കാരിക പ്രവര്‍ത്തകനായ മുഹമ്മദലി കിനാലൂരാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് ചുട്ട മറുപടി നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം. പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.
മുസ്‌ലിംകൾ പ്രൊഡക്ഷൻ കൂട്ടുന്നു എന്നാണ് വെള്ളാപ്പള്ളി കോട്ടയത്ത് പറഞ്ഞത്. അതിന്റെ അടിസ്ഥാനമെന്താണ്? എന്താണ് തെളിവ്? ഏതാണ് രേഖ? 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ മുസ്‌ലിം ജനസംഖ്യ ആകെ ജനസംഖ്യയുടെ 26.6% ആണ്. കേരളത്തിന്റെ ഹിന്ദു ജനസംഖ്യ 54.73% വും ക്രിസ്ത്യൻ ജനസംഖ്യ 18.38% വും ആണ്. ഇന്ത്യയില് എല്ലാ മതവിഭാഗങ്ങളിലും പ്രത്യുൽപാദന നിരക്ക് (ടോട്ടല് ഫെര്ട്ടിലിറ്റി റേറ്റ്) കുറയുന്നുവെന്നും ഏറ്റവും കൂടുതല് കുറവ് മുസ്‌ലിംകൾക്കിടയിലാണെന്നും 2019-20ലെ ദേശീയ കുടുംബാരോഗ്യ സര്വേയിൽ കണ്ടെത്തിയിട്ടുണ്ട്. ഹിന്ദു സമുദായത്തില് 41 ശതമാനവും ക്രിസ്ത്യന് സമുദായത്തില് 34.5 ശതമാനവുമാണ് കുറവെങ്കില് മുസ്‌ലിംകളുടേത് 46.5 ശതമാനമാണ് എന്നാണ് സർവേ ഫലം. ഒരു സ്ത്രീ ജന്മം നല്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില് കണക്കാക്കുന്നതാണ് ടോട്ടല് ഫെര്ട്ടിലിറ്റി റേറ്റ്. അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ പ്യൂ റിസര്ച്ച് സെന്റര് നടത്തിയ പഠനത്തിലും കാണുന്നത് മുസ്‌ലിം ജനസംഖ്യാ വളര്ച്ച താഴോട്ടാണെന്നാണ്. 1992ല് മുസ്‌ലിം കുടുംബങ്ങളിലെ കുട്ടികളുടെ ശരാശരി എണ്ണം 4.4 ആയിരുന്നെങ്കില് 2015ല് 2.6 ആയി ചുരുങ്ങിയെന്ന് ദേശീയ കുടുംബാരോഗ്യ സര്വേയും സെന്സസും അടിസ്ഥാനമാക്കി നടത്തിയ പഠന റിപോര്ട്ടില് പ്യൂ റിസര്ച്ച് സെന്ററുംവെളിപ്പെടുത്തുന്നു. എന്നിട്ടും സംഘ്പരിവാർ മറ്റു മതസമൂഹങ്ങൾക്കിടയിൽ മുസ്‌ലിം ഭീതി വളർത്തുന്നതിനുവേണ്ടി 'മുസ്‌ലിം ജനസംഖ്യാ പെരുപ്പം' ഇപ്പോഴും ഇടയ്ക്കിടെ ഉന്നയിക്കാറുണ്ട്. അതുതന്നെയാണ് വെള്ളാപ്പള്ളി നടേശനും ചെയ്‌തിരിക്കുന്നത്.
ഒരു സ്ത്രീ ഇത്ര കുട്ടികളെ മാത്രമേ പ്രസവിക്കാവൂ എന്നൊരു നിയന്ത്രണം ഇന്ത്യയിൽ ഇല്ല. പൗരന്മാർ സ്വയം നിയന്ത്രണത്തിലേക്ക് നീങ്ങിയതിന്റെ ഫലമായാണ് ഈ കുറവ് സംഭവിച്ചത്. സാമ്പത്തികവും സാമൂഹികവുമായ ആലോചനകൾ ഇതിന് നിമിത്തമായിട്ടുണ്ട്. എല്ലാ സമൂഹങ്ങളിലും ഈ കുറവ് പ്രകടമാണ്. അതിൽ തന്നെ ഏറ്റവും 'കൂടുതൽ കുറവ്' സംഭവിച്ചത് മുസ്‌ലിം സമുദായത്തിലാണ്. എന്നിട്ടും മുസ്‌ലിംകൾ ജനസംഖ്യ കൂട്ടുന്നു എന്ന ആരോപണത്തിന് മാത്രം കുറവില്ല!
മുസ്‌ലിം സ്ത്രീകൾ പന്നികളെപോലെ പെറ്റുപെരുകുന്നു എന്ന് കെ ആർ ഇന്ദിര ഫേസ്ബുക്കിൽ എഴുതിയത് അൽപ്പം നേർപ്പിച്ച് മറ്റു വാക്കുകളിൽ ആവർത്തിക്കുകയാണ് കോട്ടയത്ത് വെള്ളാപ്പള്ളി നടേശൻ ചെയ്‌തത്. കെ ആർ ഇന്ദിരക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തിരുന്നു, മനുഷ്യാവകാശ പ്രവർത്തകനായ വിപിൻദാസിന്റെ പരാതിയിൽ. പക്ഷേ പോലീസ് അനങ്ങിയില്ല. ചോദ്യം ചെയ്യാൻ പോലും ഇന്ദിരയെ വിളിപ്പിച്ചില്ല. ഒടുവിൽ തക്കം നോക്കി പൂട്ടിക്കെട്ടുകയും ചെയ്‌തു. വെള്ളാപ്പള്ളിക്കെതിരെയും പരാതിപോയിട്ടുണ്ട്. പോലീസ് ഇതുവരേയ്ക്കും കേസെടുത്തിട്ടില്ല. കേസെടുത്തിട്ടും വലിയ കാര്യമുണ്ടാകില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ പലരും കൊടിവെച്ച കാറിൽ സഞ്ചരിക്കുന്നവരാണ്. അവരിൽ പലരും ആരാധനയോടെ കാണുന്ന നേതാവാണ് നടേശൻ. അതുകൊണ്ടാണ് ഭരിക്കുന്ന പാർട്ടിയുടെ പ്രസ്താവനയിൽ ഈ വിദ്വേഷപ്രചാരകന്റെ പേര് പോലും പറയാതിരുന്നത്.
വെള്ളാപ്പള്ളി മുസ്‌ലിം വിരോധിയല്ല എന്നൊരു വാദം ഉയർത്തിക്കൊണ്ടുവരുന്നുണ്ട് ചിലർ. മുസ്‌ലിം വിരോധത്തിന്റെ അളവ് എടുക്കലല്ല പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും പണി. നിയമവിരുദ്ധമായ കാര്യങ്ങളിൽ നടപടി സ്വീകരിക്കലാണ് ചുമതല. അത് ചെയ്യാതെ വിദ്വേഷപ്രചാരകരെ ഇങ്ങനെ അഴിച്ചുവിടുന്നത് ആപത്കരമാണ്. വി എസിനെ അധിക്ഷേപിച്ചവരുടെ കാര്യത്തിൽ സ്വീകരിച്ച നടപടിയുടെ അത്രയും വേഗം ഇതിൽ ഉണ്ടാകണം എന്ന് പറയുന്നില്ല. എങ്കിലും ഇതൊരു നിയമപ്രശ്നമായി എടുക്കാനെങ്കിലും പൊലീസിന് കഴിയേണ്ടതാണ്. വിദ്വേഷപ്രചാരകരിൽ ഒരാളെയെങ്കിലും അകത്തുപിടിച്ചിട്ടതിന്റെ ക്രെഡിറ്റ് നേടി അടുത്തവർഷം അധികാരം ഒഴിയണമെന്ന് ഈ സർക്കാരിലെ ഒരു മന്ത്രിക്കു പോലും ആഗ്രഹമില്ലേ.
0 അഭിപ്രായങ്ങള്‍
Thanks