കുറ്റിച്ചിറ പൈതൃകത്തിന്റെ നാട്

കോഴിക്കോട് പട്ടണത്തില്‍ നിന്നും പടിഞ്ഞാറു ഭാഗത്ത് ഒരു കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന കടലോര ഗ്രാമമാണ് കുറ്റിച്ചിറ. പ്രതാപ കാലം മുതലെ തലയുയര്‍ത്തി നില്‍ക്കുന്ന പ്രദേശത്തെ കുറിച്ചുള്ള പി കെ എം കോയയുടെ കുറിപ്പുകള്‍ ഈ ലക്കം മുതല്‍ വായിക്കാം. 


ഭാഗം 1

    സമ്പന്നമായ ഒരു പൈതൃകത്തിന്റെ അവകാശികളാണു കുറ്റിച്ചിറയിലേയും അതിന്ന് ചുറ്റുമുള്ള പ്രദേശങ്ങളിലേയും ജനങ്ങള്‍. കേരള ചരിത്രത്തില്‍ സുപ്രധാനമായ ഒരു സ്ഥാനമാണ് കുറ്റിച്ചിറക്കുള്ളത്. മുസ്ലിംകള്‍ മാത്രം തിങ്ങി താമസിക്കുന്ന ഈ പ്രദേശം നിരവധി ചരിത്രസംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. 

    മുസ്ലിംകള്‍ കൂട്ടമായി താമസിക്കുന്ന പഴയ ടൗണ്‍ പ്രദേശം മാപ്പിള ടൗണ്‍ എന്നാണു മുനിസിപ്പല്‍ രേഖകളില്‍ അറിയപെട്ടിരുന്നത്. കുറ്റിച്ചിറ മുതല്‍ തെക്കോട്ട് കോതി പള്ളിക്കണ്ടി കുണ്ടുങ്ങല്‍ വരേയും വടക്കോട്ട് മൂന്നാലിങ്ങല്‍ വരേയും, കിഴക്ക് റെയില്‍ ഭാഗം വരേയും പടിഞ്ഞാറ് കടല്‍വരെയുള്ള പ്രദേശങ്ങള്‍ മുസ്ലിംകള്‍ കേന്ദ്രീകരിച്ച സ്ഥലങ്ങള്‍ അടങ്ങിയതാണ്. ഇന്ന് ഇത് തെക്കേപുറം എന്ന് അറിയപ്പെടുന്നു. കോഴിക്കോട്ടെ മുസ്ലിംകള്‍ മൊത്തത്തില്‍ ഒരു സമൂഹമാണെങ്കിലും ഈ പ്രദേശത്തെ മുസ്ലിംകള്‍ ഒരു സവിശേഷ സാംസ്‌കാരത്തിന്റെ ഉടമകളാണ്. 
കുറ്റിച്ചിറകുളം അതിന് ചുറ്റുമുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികള്‍. സവിശേഷമായ കൂട്ടുകുടുംബ ജീവിതത്തിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളായ നാല് കെട്ട് കളോടുകൂടിയ വലിയ തറവാട് വീടുകള്‍ ഇവയൊക്കെ തെക്കെപ്പുറത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ഉറക്കെ പ്രഖ്യാപിക്കുന്ന ചിഹ്നങ്ങളാണ്. തെക്കെപ്പുറത്തെ പല തറവാട് വീടുകള്‍ക്കും ഇരുനൂറ്റമ്പത് മൂന്നൂറ് വര്‍ഷത്തെ പഴക്കമുണ്ട്. വലിയ പടിപ്പുര, വിശാലമായ മുറ്റം, നീളമുള്ള വരാന്ത (കോലായ്) കോലായില്‍ രണ്ട് ഭാഗത്തും ഇരിക്കാന്‍ ഇരുന്നാല, അകം കള്ളിയില്‍ രണ്ട് ഭാഗത്തും കൊട്ടില്‍, കൊത്തുപണികളോടുകൂടിയ വലിയ നടവാതില്‍, വിസ്താരമുള്ള അകം, വലിയ അറകള്‍, നടുമുറ്റം, വലിയ അടുക്കള ഇവയെല്ലാം വലിയ വീടുകളുടെ പ്രത്യേകതകളാണ്. ഇന്ന് തെക്കെപ്പുറത്തെ പല തറവാട് വീടുകളും പൊളിച്ചുമാറ്റി അവിടെ ചെറിയ വീടുകള്‍ നിര്‍മിക്കുകയാണ് ചെയ്യുന്നത്. 

    തെക്കെപ്പുറത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഏറെ പള്ളികള്‍ ഉണ്ടായിരുന്നുവെങ്കിലും പലതും പൊളിച്ച് പുതുക്കി നിര്‍മിച്ചിരിക്കുകയാണ്. കുറ്റിച്ചിറ ഹദറപള്ളി, തൗറൂസ്പള്ളി, കണ്ടം കൂനാന്‍ പള്ളി, പട്ടുതെരുവ് പഴയപള്ളി, ഇടിയങ്ങര കുഞ്ഞാലപ്പള്ളി, ചെമ്മങ്ങാട് പള്ളി ഇവയൊക്കെ ഇതില്‍ പെടും. എന്നാല്‍ ഇന്നും യാതൊരു മാറ്റവും വരുത്താതെ ചരിത്ര സ്മാരകങ്ങളായി നിലകൊള്ളുന്ന മൂന്ന് പള്ളികള്‍ കുറ്റിച്ചിറയിലുണ്ട്. എഴുന്നൂറോളം വര്‍ഷം പഴക്കമുള്ള കുറ്റിച്ചിറ മിസ്‌കാല്‍ പള്ളി, ആയിരം വര്‍ഷം പഴക്കമുള്ള ജുമുഅത് പള്ളി, ആയിരത്തി ഒരു നൂറ് വര്‍ഷം പഴക്കമുള്ള മുച്ചുന്തിപള്ളി.