മനുഷ്യന് ജീവനും വളര്‍ച്ചയും നിലനിര്‍ത്താനും, മുന്നോട്ടു കൊണ്ട് പോകാനുമുള്ള അനിവാര്യ ഘടകമാണ് ഭക്ഷണം. തെറ്റായ ഭക്ഷണരീതികളും ഭക്ഷണവിഭവങ്ങളും മനുഷ്യനെ വിവിധ രോഗാവസ്ഥയിലേക്കെത്തിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ഒരു രാജ്യത്തിന്റെ ഗതിയും വിധിയും നിര്‍ണയിക്കാന്‍ കാരണമാവുന്നു. കൃത്യമായ ഭക്ഷണരീതിയും ഭക്ഷണ സംസ്‌കാരവും പ്രധാനമാണ്.
ജീവിതശൈലീ രോഗങ്ങള്‍ പെറ്റുപെരുകുന്ന ഇക്കാലത്ത് അതിനു മുഖ്യമായ കാരണം തെറ്റായ ഭക്ഷണ സംസ്‌കാരമാണ്. ഫാസ്റ്റ് ഫുഡ് അല്ലെങ്കില്‍ ജങ്ക് ഫുഡ് എന്ന പേരില്‍ വളര്‍ന്നു വന്ന തെറ്റായ ഭക്ഷണ സംസ്‌കാരം നാവില്‍ രുചിയൂറിക്കുമെങ്കിലും പതിയെ ആരോഗ്യത്തെ കവര്‍ന്നെടുക്കുന്നത് നാമറിയുന്നത് ഏറെ വൈകിയായിരിക്കും. വളരെയധികം പാകം ചെയ്യപ്പെട്ട, നിരവധി പ്രോസസുകള്‍ക്ക് വിധേയമായ, കലോറി വളരെ കൂടിയതും പോഷക ഘടനയില്‍ പിന്നോക്കം നില്‍ക്കുകയും ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ജങ്ക് ഫുഡ്/ഫാസ്റ്റ് ഫുഡ്. ജീവിക്കാന്‍ വേണ്ടി ഭക്ഷിക്കുക എന്ന പാരമ്പര്യ ശൈലിയെ മാറ്റിക്കൊണ്ട് ഭക്ഷിക്കാന്‍ വേണ്ടി ജീവിക്കുക എന്ന ശൈലിയിലേക്ക് നാമെത്തി. മദ്യക്കുപ്പിയില്‍ മദ്യം ആരോഗ്യത്തിനു ഹാനികരമെന്ന് ലേബലില്‍ എഴുതാനല്ലാതെ നിരോധിക്കാന്‍ കഴിയാത്തവിധം സമാനമാണ് ഫാസ്റ്റ് ഫുഡിന്റെ കാര്യത്തിലും. ആരോഗ്യ വിദഗ്ദ്ധര്‍ ആരോഗ്യകരമല്ലെന്ന് ആണയിട്ടു പറഞ്ഞിട്ടും ഇത്തരം ഭക്ഷണങ്ങളുടെ നിര്‍മാണവും വിതരണവും നിര്‍ത്താന്‍ നമുക്കാവുന്നില്ല.
ഫാസ്റ്റ്ഫുഡിന്റെ കാര്യത്തില്‍ അതിന് അടിമകളാവുന്നവരില്‍ ഏറിയ പങ്കും കുട്ടികളാണ്. രാജ്യത്തെ വളര്‍ന്നു വരുന്ന തലമുറ ആരോഗ്യമുള്ളവരാവല്‍ അനിവാര്യമാണ്. കുട്ടികളുടെ പഠനത്തെയും ഭാവിയെയും ഒരു പോലെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ സ്‌കൂളുകളിലെ ഭക്ഷണ രീതി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. 2015 ജൂണ്‍ 20 ന് സ്‌കൂള്‍ പരിസരങ്ങളില്‍ ജങ്ക്ഫുഡ്/ഫാസ്റ്റ്ഫുഡ് നിരോധിച്ചു കൊണ്ട് കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയത് ശ്രദ്ധേയമായ നടപടിയാണ്. പിന്നീട് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സ്‌കൂളുകളില്‍ ഫാസ്റ്റ്ഫുഡ് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. കൗമാരക്കാര്‍ക്ക് 2400 മുതല്‍ 2800 വരെ കിലോ കലോറി ഊര്‍ജം ഒരു ദിവസം ആവശ്യമാണ്. ഫ്രൈഡ് ചിക്കാനോ ബര്‍ഗറോ കഴിക്കുമ്പോള്‍ 1200 മുതല്‍ 1500 കിലോ കലോറി വരെ ഊര്‍ജം ശരീരത്തിലെത്തുന്നു. അതായത് ഒരു ആറു വയസ്സുകാരന് ഒരു ദിവസം ആവശ്യമായ കലോറിക്ക് സമാനം ഒരു നേരത്തെ ഭക്ഷണത്തിലൂടെ! എന്നാല്‍ കലോറിക്ക് പുറമെ ആവശ്യമായ ധാതുലവണങ്ങളും പോഷകങ്ങളും വളരെ തുച്ഛമാണ് താനും. ഇത് പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം, രക്ത സമ്മര്‍ദം, എല്ല്- പേശി ബലക്കുറവ്, സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ പാക്കേജിലേക്ക് നമ്മെ എത്തിക്കുന്നു. ആരോഗ്യകരമായ ഭാവിക്കു വേണ്ടി ഭക്ഷണത്തിന്റെ രുചിയേക്കാള്‍ പ്രാധാന്യം അതിന്റെ ഗുണത്തിന് നല്‍കിയേ തീരൂ.
അപ്പോള്‍ പിന്നെ അടുത്ത ചോദ്യം മികച്ച ഗുണകരമായ ഭക്ഷണം ഏതെന്നാണ്. അതിന് ലളിതമായ ഉത്തരവും നമുക്ക് നല്‍കാന്‍ കഴിയും, വീട്ടില്‍ തന്നെ പാകം ചെയ്യുന്ന ഭക്ഷണം. അതില്‍ തന്നെ പഴങ്ങളും പച്ചക്കറികളും വീട്ടില്‍ വിളഞ്ഞതായാല്‍ ഏറെ നല്ലത്. ആരോഗ്യ-ന്യൂട്രിറ്റിവ് വാല്യൂ കണക്കില്‍ സംഭാരത്തിനോടും കരിക്കിനോടും കിടപിടിക്കുന്ന എനര്‍ജി ഡ്രിങ്കുകളൊന്നും തന്നെയില്ലെന്ന കാര്യം നാം ബോധപൂര്‍വം മറക്കാന്‍ ശ്രമിക്കുന്നു. ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിനും മാറുന്ന ഭക്ഷണ രീതികള്‍ക്കും സ്‌കൂളുകളില്‍ നിന്ന് തന്നെ മാറ്റം വരട്ടെ. വളരുന്ന തലമുറ ആരോഗ്യത്താല്‍ സമ്പുഷ്ടമാവട്ടെ.