ചെമ്പരിക്ക ഖാളി വധത്തില്‍ ഒരു പ്രക്ഷോഭം നടക്കാത്തതെന്ത്?


സലീം ദേളി എഴുതുന്നു...

ചെമ്പരിക്ക ഖാസി സി എം ഉസ്‌താദിന്റെ കൊലപാതകത്തിൽ ആരാണ് ഇവിടെ നിരന്തര സമരം നടത്തിയത്? അതിശക്തമായ സമരമുറകൾക്ക് മുന്നിൽ ഏത് അധികാര ഇടവും ഇടിഞ്ഞ് വീഴുമെന്ന് അറിയാത്തവരല്ലല്ലോ നേതാക്കന്മാർ. കാസർകോട് ജില്ലക്ക് പുറത്ത് എവിടെയാണ് സമരം നടന്നത്. എത്രകാലം സമരം നീണ്ടു.
കുടുംബവും ആക്ഷൻ കമ്മിറ്റിയും വർഷങ്ങളായി സമര രംഗത്ത് തന്നെയാണ്, ഇന്നും ചെമ്പരിക്ക കടപ്പുറത്ത് സമരം നടക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തും ശക്തമായ സാന്നിധ്യമുള്ള സമസ്തക്ക് നിരന്തര സമരം കാസർകോട് ജില്ലയിൽ നിന്ന് പുറത്ത് കൊണ്ടുവരാൻ സാധിക്കാത്തത് അല്ലല്ലോ. 2019 മാർച്ച് പത്തിന് സമസ്‌ത കോഴിക്കോട് മുതലക്കുള മൈതാനിയിൽ സംഘടിപ്പിച്ച പ്രക്ഷോഭ പ്രഖ്യാപന സമ്മേളനത്തിൽ നടന്ന സമര പ്രഖ്യാപനം എന്തായിരുന്നു. അതിന് ശേഷം ഇന്നേവരെ ഒരു സമരവും നടന്നിട്ടില്ല. സജീവ സമര രംഗത്തേക്ക് സമസ്‌ത കടന്നുവരാത്തതിനെ പറ്റി നേതാക്കന്മാരോട് സംസാരിക്കുമ്പോൾ കോടതിയിൽ കേസ് ഉണ്ടാകുമ്പോൾ സമരം നെഗറ്റീവ് ആയിരിക്കും എന്നാണ് മറുപടി ലഭിച്ചിരുന്നത്. അതിന് മറുപടി മുൻ ജസ്റ്റിസ് കമാൽ പാഷ നേതാക്കന്മാർക്ക് നൽകിയിട്ടുണ്ട്. കേസിനെക്കുറിച്ച് കൃത്യമായ പഠനം നടത്തിയ ജസ്റ്റിസ് കമാൽ പാഷ ഇത് കൊലപാതകമാണെന്നും പിന്നിൽ വലിയ കളികൾ നടന്നിട്ടുണ്ടെന്നും ബഹാവുദ്ധീൻ ഉസ്‌താദിന്റെ ഫോണിൽ നിന്ന് ജിഫ്രി തങ്ങളെ വിളിച്ച് പറഞ്ഞിട്ടുണ്ട്. വൻ പ്രക്ഷോഭം നടത്തി കേസിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നാണ് അദ്ദേഹം ഉപദേശം നൽകിയത്. ഇല്ലെങ്കിൽ സമുദായത്തോട് നിങ്ങൾ സമാധാനം പറയേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകിയിരുന്നു.
കേസിനെക്കുറിച്ചും പ്രതികളെക്കുറിച്ചും സമസ്‌ത നേതാക്കന്മാർക്കൊക്കെ ശരിയായ ധാരണയുണ്ട്, എന്നതിൽ തർക്കമില്ല. 2010 ൽ തന്നെ അലിബാവയുടെ നേതൃത്വത്തിൽ സമസ്‌ത അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. അവർ നൽകിയ റിപ്പോർട്ട് മുശാവറയിൽ അവതരിപ്പിച്ചിട്ടണ്ടോ. അദൃശ്യരെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ല. സി.എം ഉസ്താദ് കൊലപാതക കേസിൽ അദൃശ്യരില്ല. നമ്മുടെ ചുറ്റും തന്നെ പണത്തിന്റെയും അധികാരത്തിന്റെയും സ്ഥാനത്തിന്റെയും മറവിൽ കൊലയാളിക്കൂട്ടങ്ങൾ ജീവനോടെയുണ്ട്. ഒന്ന് തിരിഞ്ഞ് നോക്കിയാൽ അവരെ കാണാം.