അഞ്ചു മിനിറ്റുകൊണ്ട്
നിങ്ങൾ കണ്ടുതീർത്ത
ആ ഷോട്ടിന്
അര നൂറ്റാണ്ടിന്റെ
വിയർപ്പും
സമർപ്പണവുമുണ്ട്
ഇരുമ്പുവടി കൊണ്ട്
ആദ്യം തലക്കടിച്ച മധ്യവയസ്കൻ
എത്ര സ്വാഭാവികമായാണ്
അത് ചെയ്യുന്നത്
രണ്ടാമതൊരു ടേക്ക്
വേണ്ടാത്ത വിധം
കൃത്യമാണത്
തോക്കു ചൂണ്ടിയ
ചെറുപ്പക്കാരന്റെ
ആവേശവും ശരീരഭാഷയും
ഏത് വലിയ നടനും
വെല്ലുവിളി തന്നെ
മാത്രമല്ല
സകല പരിമിതികളേയും
മുറിച്ചു കടക്കുന്ന
കരുത്തനാണ് സംവിധായകൻ
കാരുണ്യത്തിന്റെ
ഒരു പുൽനാമ്പു പോലും
എവിടെയും
അബദ്ധത്തിലില്ല.
എല്ലാം
വന്യവും ക്രൂരവും തന്നെ .....
നോക്കൂ
ആസ്വാദനത്തിന്റെ
ഒടുവിൽ
നിങ്ങൾ പുറത്തേക്കിട്ട
ആ ശരീരം
ഒരു മനുഷ്യന്റേതാണ്.
എഴുത്ത് : പ്രദീപ് രാമനാട്ടുകര