നിങ്ങൾക്ക് പഠന കാലത്ത് ഏതെങ്കിലും രീതിയിൽ കളിയാക്കലുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ?


നമ്മുടെ ക്ലാസ്സ്‌റൂമുകളിൽ കാണുന്ന ഒരു പ്രതിഭാസത്തെ കുറിച്ച് പറയാം.
ക്ലാസ്സിൽ ഏതെങ്കിലും ഒരുത്തൻ തന്റെ കഴിവ് പ്രകടിപ്പിക്കാൻ ശ്രമിച്ചാൽ അവനാണ് പിന്നെ ബാക്കിയുള്ളവരുടെ ഇര!
അവരെ കളിയാക്കുക,
ഒറ്റപ്പെടുത്തുക വട്ടപ്പേര് വിളിക്കുക,
മുന്നോട്ട് വരുന്നവനെ ഡിമോട്ടിവേറ്റ് ചെയ്യുക,
എന്തെങ്കിലും പ്രെസെന്റ് ചെയ്യുമ്പോൾ കമെന്റടിക്കുക തുടങ്ങി മുന്നോട്ട് വന്നാൽ കളിയാക്കൽ,
പഠിക്കാൻ ശ്രമിച്ചാൽ പഠിപ്പിസ്റ്റ് ,
ഇംഗ്ലീഷ് സംസാരിക്കാൻ ശ്രമിച്ചാൽ സായിപ്പ് തുടങ്ങി ഒരുപാട് പ്രയോഗങ്ങൾ വേറെയും.
മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ചു നമ്മുടെ കേരളത്തിലെ കോളേജുകളിൽ ഇത്‌ ഇത്തിരി കൂടുതലാണെന്ന് തോന്നിയിട്ടുണ്ട്.
ഒരാളുടെ വളർച്ചയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന കാലഘട്ടമാണ് കോളേജ് കാലഘട്ടം. എന്നാൽ ഈ വളർച്ചയെ പുറകീന്നു വലിക്കുന്ന ഒന്നാണ് ഇത്തരം ബുള്ളിയിങ്.
മറ്റുള്ളവരെ വലിച്ചു താഴെയിട്ട് സന്തോഷിക്കുന്നത് ഒരു തമാശയും ഹോബിയുമാണെങ്കിലും അതിന് ഇരയാകുന്നയാളുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറത്തായിരിക്കും.
തീർച്ചയായും അതവരുടെ ആത്മ വിശ്വാസത്തേയും, സ്വന്തത്തോടുള്ള മതിപ്പിനെയും, വളർച്ചയെയും കെടുത്തിക്കളയുന്ന ഒന്നാണ്.
പുറകിൽ ഒരു വലിയ ഭാരം കെട്ടിവലിച്ചു നടക്കുന്നവന്റെ അവസ്ഥ യാണിത്. മറ്റുള്ളവരുടെ കൂടെ നടന്നെത്താൻ തന്നെ പ്രയാസമായിരിക്കും പിന്നെ ഓടി മുന്നിലെത്തുന്നതിനെ പറ്റി ചിന്തിക്കുന്നത് തന്നെ അസാധ്യം.
'ദ ബിഗ് ബാങ് തിയറി' സീരീസിൽ പെന്നി എന്ന കഥാപാത്രം പറയുന്നുണ്ട് "എന്റെ കോളേജിൽ ബുള്ളിയിങ് ഒന്നുമുണ്ടായിരുന്നില്ല" എന്ന്.
അപ്പോൾ മറ്റുള്ളവർ ചോദിക്കുന്നുണ്ട്.
"ശരിക്കും? "
"അതെ, ഒട്ടുമില്ല!"
"ആ പിന്നെ ഒരു ദിവസം ഞങ്ങളെല്ലാംകൂടെ ഒരു ഫ്രണ്ട് നെ കൊണ്ട് പോയി ചെളിയിലിട്ട് ഉരുട്ടി തലയിൽ കുറച്ച് മണ്ണുംകുഴച്ച് വെച്ചു വിട്ടു എന്നല്ലാതെ ബുള്ളിയിങ് ഒന്നുമില്ലായിരുന്നു!"
യഥാർത്ഥത്തിൽ അവർ തന്നെയാണ് മറ്റുള്ളവരെ ബുള്ളി ചെയ്തിരുന്നത് എന്നാൽ അത് ബുള്ളിയിങ് ആണ് എന്ന് പോലും തിരിച്ചറിയാതെയാണ് ഇത്‌ ചെയ്തിരുന്നത് എന്ന് മാത്രം.
ബുള്ളിയിങ് , ബോഡി ഷയിമിങ് റേസിസം, അസഹിഷ്ണുത എന്നതിനെക്കുറിച്ചൊക്കെയുള്ള അവബോധം ചെറിയ ക്ളാസുകൾ മുതലേ തുടങ്ങേണ്ടതുണ്ട്.അതിനുള്ള ഒരു മാർഗ്ഗം Social and Emotional Learning (SEL) കരിക്കുലത്തിന്റെ ഭാഗമാക്കുക എന്നതാണ്.(SEL നെക്കുറിച്ച് വിശദമായി പിന്നീടെഴുതാം)
Social and Emotional Learning (SEL) ശരിക്കും വിദ്യാഭ്യാസത്തിന്റെ ഹൃ ദയമാണെന്നുതന്നെ പറയാം.. ഒന്നാം ക്ലാസ്സ് തൊട്ടുതന്നെ ഇത്‌ കരിക്കുലത്തിന്റെ ഭാഗമാവേണ്ടതുണ്ട്.
എന്താണ് ബുള്ളിയിങ് , എന്താണ്‌ ബോഡി ഷയിമിങ് എന്നത് കൂട്ടികൾ മനസ്സിലാക്കേണ്ടതുണ്ട് അവ ലേബൽ ചെയ്താൽത്തന്നെ ഇതിൽ ഒരുപാട് കുറവുണ്ടാകും.
ഇപ്പോൾ കളിയാക്കുന്നവനാണ് ക്ലാസിലെ ഹീറോ, അവനാണ് ശരി.
എന്നാൽ 'ഇത്‌ ബോഡി ഷയിമിങ് ആണ്' , 'ഇത്‌ ബുള്ളിയിങ് ആണ്' എന്നൊക്കെ കുട്ടികൾ മനസ്സിലാക്കി അത് അവർ പറയാൻ തുടങ്ങിയാൽ, അവ തിരിച്ചറിയാൻ തുടങ്ങിയാൽ കളിയാക്കുന്നവർ ഒറ്റപ്പെടും. അതൊരു മോശം പ്രവർത്തിയാണെന്ന ബോധ്യം കുട്ടികൾക്ക് വരും, അവരിൽ മാറ്റം വരും.
നിങ്ങൾക്ക് ഏതെങ്കിലും രീതിയിൽ കളിയാക്കലുകൾ കിട്ടിയിട്ടുണ്ടോ? എന്ന് കുട്ടികളോട് ചോദിച്ചാൽ ഓരോരുത്തർക്കും ഉണ്ടായിട്ടുണ്ടാകും.
എന്തായിരുന്നു ആ സമയത്തെ ഫീലിംഗ്? എന്ന് ചോദിച്ചാൽ ആ ഉത്തരങ്ങളിലൂടെപോലും ബുള്ളിയിങ് ചെയ്യുമ്പോൾ ഒരാൾക്ക് എന്ത്‌ ഫീൽ ചെയ്യുന്നു എന്ന് മനസ്സിലാക്കാൻ കഴിയും.
പോഷൻ തീർക്കലിനപ്പുറം കുറച്ചൊക്കെ സമയം ഇത്തരം കാര്യങ്ങൾക്ക് വേണ്ടി മാറ്റി വെച്ചാൽ കുട്ടികളിൽ വലിയ മാറ്റം വരും. പോഷൻ തീർന്നിട്ട് കുട്ടികളുടെ ഉള്ളിൽ പോയ്സൺ അവശേഷിക്കുന്ന രീതി മാറും.
കുട്ടികളെ സ്വയം മനസ്സിലാക്കാനും അവരെ പരസ്പരം മനസ്സിലാക്കാനും മറ്റുള്ളവരുടെ നന്മ കാണാനും അതിനെ അഭിനന്ദിക്കാനും കൂടെ ശീലിപ്പിക്കണം . അതിന്റെ പാഠങ്ങൾ വീടുകളിൽ നിന്ന്തന്നെ തുടങ്ങാം, അതിനു ആദ്യം എടുത്ത് കിണറ്റിലിടേണ്ടത് 'കുട്ടികളെ സ്നേഹിച്ചാൽ വഷളാവും', 'നല്ലത് പറഞ്ഞാൽ അഹങ്കാരം ഉണ്ടാകും' തുടങ്ങിയ വിശ്വാസങ്ങൾകൂടിയാണ്.
നിങ്ങൾക്ക് പഠന കാലത്ത് ഏതെങ്കിലും രീതിയിൽ കളിയാക്കലുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ?