കോഴിക്കോട് പട്ടണത്തില്‍ നിന്നും പടിഞ്ഞാറു ഭാഗത്ത് ഒരു കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന കടലോര ഗ്രാമമാണ് കുറ്റിച്ചിറ. പ്രതാപ കാലം മുതലെ തലയുയര്‍ത്തി നില്ക്കുന്ന പ്രദേശത്തെ കുറിച്ചുള്ള പി കെ എം കോയയുടെ കുറിപ്പുകളുടെ രണ്ടാംഭാഗം.
ലോക നാഗരികതയുടെ ചരിത്രത്തില്‍ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന തുറമുഖപട്ടണമാണു കോഴിക്കോട്. അതി പുരാതനമായ ഈ നഗരത്തിലെ ഒരു പ്രബല സമൂഹമാണ് മുസ്ലിംകള്. അറബിക്കടലിനക്കരെയുള്ള രാജ്യങ്ങളുമായും അവരിലൂടെ അതിനപ്പുറമുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായും സഹസ്രാബ്ദങ്ങളായി കോഴിക്കോടിന് വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. പുറംലോകവുമായുള്ള വ്യാപാര ബന്ധങ്ങളില്‍ സുപ്രധാനമായ പങ്ക് വഹിച്ചിരുന്നത് മുസ്ലിംകളായിരുന്നു. വ്യാപാരങ്ങള്‍ ഏറിയകൂറും മനഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസം, സ്നേഹം, ആദരവ് തുടങ്ങിയ അടിസ്ഥാന മാനവിക ഗുണങ്ങളില്‍ അതിഷ്ടിതമാണ്. ഈ മഹത്തായ വാണിജ്യവ്യാപാര പൈതൃകത്തിന്റെ ഉടമകളാണു കോഴിക്കോട്ടെ പ്രത്യേകിച്ചും തെക്കെപ്പുറത്തെ മുസ്ലിംകള്.
കോഴിക്കോട് നഗരത്തിന്റെ അധിപനായ സാമൂതിരി കടലും, കടല്‍ തീരവും സംരക്ഷിക്കുന്നതിനും വ്യാപാരവും കയറ്റിറക്കും നടത്തുന്നതിനും, രാജ്യരക്ഷ നിലനിര്‍ത്തുന്നതിനും മുസ്ലിംകളെയാണ് ഏല്പിച്ചിരുന്നത്. സാമൂതിരിയുടെ വിശ്വസ്ത പ്രജകള്‍ എന്ന നിലയില്‍ രാജ്യത്തിന്റെ സമ്പത്ത് വര്‍ധിപ്പിക്കുന്നതിലും തീരദേശങ്ങള്‍ സംരക്ഷിക്കുന്നതിലും കോഴിക്കോട്ടെ മുസ്ലിംകള് സ്തുത്യര്‍ഹമായ പങ്കു വഹിച്ചിരുന്നു. മുസ്ലിംകള് പ്രകടിപ്പിച്ച സ്നേഹവും മറ്റു പ്രജകളോട് കാണിച്ച സൗഹാര്‍ദപരമായ പ്രവര്‍ത്തനങ്ങളും അവര്‍ക്കു നഗരവാസികളില്‍ പ്രമുഖ സ്ഥാനം ലഭിക്കുന്നതിന് കാരണമായി. ഒരു മഹത്തായ പാരമ്പര്യത്തിന്റെ ഉടമകളായ കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം ചിതറിക്കിടക്കുന്നു.