വരക്കാത്ത ഭൂപടം

വരച്ചിട്ടെങ്ങനെയും
തെളിയുന്നില്ലെൻ
ക്യാൻവാസിൽ
രാജ്യത്തിൻ ഭൂപടം

എന്റെ രാജ്യത്തൂടൊഴുകും 
പുഴകളിൽ രക്തമൊഴുകുന്നു,
ശക്തമായി.

അതുകൊണ്ടെന്റെ ബ്രഷിൽ
ഇപ്പോളടയാള-
പ്പെടുന്നില്ലൊരു നദിയും.

എന്റെ രാജ്യത്തൂടോടും
തീവണ്ടികളിൽ
ഇറച്ചിയുടെ മണം
പിടിച്ചെത്തുന്നു കഴുകൻമാർ
വണ്ടികളിൽനിന്നും
കേൾക്കുന്നാർത്തനാദങ്ങൾ.

അതുകൊണ്ടെങ്ങനെ
വരച്ചാലും തീവണ്ടികൾ
ഭീകരമാം പിശാചിന്റെ
രൂപം പ്രാപിക്കുന്നു.

നന്നായി പകർത്തണമെന്നു
ണ്ടെനിക്കെന്റെ ക്യാൻവാസിൽ
നമ്മുടെ മൃഗസമ്പത്തൊക്കെയും.

സുലഭമായ് പാൽ
തരുന്നൊരു വെള്ളപ്പശു
തന്നെയാവട്ടെയെന്നു കരുതി
ബ്രഷെടുത്തപ്പോളൊരു കാഴ്ച,

മെലിഞ്ഞ കാലിക്കച്ചവടക്കാരനെ
കെട്ടിയിട്ടടിച്ചു കൊല
വിളിച്ചാർത്ത് തെരുവിൽ
രസിക്കുന്നു ചിലർ.

ഇനിയെന്റെ ക്യാൻവാസിൽ
ബാക്കിയില്ലെൻ രാജ്യത്തിന്റെ
ഭൂപടം പകർത്താനൊരിഞ്ചും.

അപ്പോഴേക്കുമെന്റെ
പേനയും മഷിയും ക്യാൻവാസും
മാത്രം ഇന്ത്യനെന്ന
സർട്ടിഫിക്കറ്റ് നൽകി അവർ

എന്നെ രാജ്യമില്ലാത്തവനാക്കിയ
വിളംബരം ഒടുവിലെ-
ന്നെത്തേടിയെത്തിയെന്നറിഞ്ഞ
ഞെട്ടൽ.

എത്ര തുടച്ചാലും മായാത്ത
രാക്ഷസവേഷങ്ങൾ
നിറഞ്ഞു നിൽക്കുന്നെന്റെ
ക്യാൻവാസിലെങ്ങും.

എന്റെ രാജ്യത്തിൻ ഭൂപടം
വികലമാവാതിരിക്കാൻ
ഇനി വരക്കാതിരിക്കലാണുത്തമം.