"എപ്പോഴെങ്കിലും ഒരു കസേരക്ക് മുമ്പിൽ തലയുയർത്തി നിങ്ങൾ നിവർന്നു നിന്നിട്ടുണ്ടോ?
ഒന്നു നോക്കൂ-
കസേര പതുക്കെ വിറയ്ക്കുന്നത് കാണാം."
പാറക്കടവ് കഥ പറയുകയല്ല, കാര്യം പറയുകയാണ്. അതുപറയാൻ കഥയുടെ ഭാഷ കടമെടുക്കുകയാണ്.
താനുൾപ്പെടുന്ന എഴുത്തുസമൂഹത്തെ നിശിതമായി വിചാരണ ചെയ്യുന്ന കഥകൾ കൂടി ഉൾകൊള്ളുന്നതാണ് ഈ സമാഹാരം. മൗനം, ഞാനൊരു എഴുത്തുകാരനല്ല എന്നീ കഥകൾ വായിക്കുക. സ്വന്തത്തിലേക്ക് വിമർശനബുദ്ധിയോടെ ടോർച്ചടിക്കുന്ന എഴുത്തുകാരനിൽ നിന്നുമാത്രമേ സ്വയം നവീകരണം പ്രതീക്ഷിക്കാവൂ.
നമ്മുടെ കാലത്തിന്റെ കാപട്യങ്ങൾക്കുനേരെ എയ്തുവിടുന്ന അസ്ത്രങ്ങളാണ് ഇതിലെ കഥകൾ. അതിലൊന്നിങ്ങനെ:
"യേശു അവസാനത്തെ അത്താഴം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ അതിൽ ആദ്യം ലൈക്കടിച്ചത് ജൂദാസ്." കഥ - അനുയായി.