കെ എം ബിയും ശ്രീരാമും ചെന്പരിക്ക ഖാളിയും


കുടുംബം ഒന്നടങ്കം ആരോപിക്കുന്നു, ഞങ്ങളുടെ കുടുംബനാഥൻ, സമസ്തയിലെ തല മുതിർന്ന നേതാവ് കൊല്ലപ്പെട്ടതാണ്, കടപ്പുറത്തോ മറ്റോ കൊണ്ടുപോയി വയോ വൃദ്ധനായ ആ ജ്ഞാനവൃദ്ധനെ നിഷ്കരുണം കൊന്നു തള്ളിയതാണ്. ഒരുമിച്ചുണ്ട് ഒരുമിച്ചുറങ്ങുന്ന ലീഗിൻ്റെ അണികളെ, ആണികളെ കുടുംബത്തിനും സമുദായത്തിനും നീതി വാങ്ങിക്കൊടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞോ? ഭരണചക്രം കറക്കിയും കറക്കാതെയും എത്ര കാലം കഴിച്ചു! അവർക്കെന്താ നീതി കിട്ടിയാൽ കയ്ക്കുമോ?
പാർട്ടി ഗ്രാമത്തിൽ ഓടിച്ചെത്തിച്ച് നിഷ്ഠുരമായി അക്രമിച്ച് കൊലക്കെറിഞ്ഞു കൊടുക്കപ്പെട്ട അരിയിൽ ശുകൂറിൻ്റെ പ്രതികൾക്ക് മതിയായ ശിക്ഷ വാങ്ങി കൊടുക്കാൻ ശുകൂർ ചോര കൊടുത്ത പ്രസ്ഥാനത്തിന് കഴിഞ്ഞോ? സാധാരണ ലീഗ് പ്രവർത്തകർ ശുകൂറിന് വേണ്ടി നിർമിച്ച ബസ് വെയ്റ്റിംഗിനോളം വരുമോ പാർട്ടിയുടെ അന്വേഷണവും ആത്മാർഥതയും? അതിന് ശേഷം എത്ര സത്കാരങ്ങളിൽ ചുവപ്പും പച്ചയും ഒരുമിച്ചാടി, പാടി, കൈ കുലുക്കി? ശഹീദെന്ന ആ വിളി മാത്രം മതിയോ, ശുക്കൂറിനും കുടുംബത്തിനും പാർട്ടിക്കും?
ഭാഷാസമരത്തിൻ്റെ പേരിൽ ജീവൻ പൊലിഞ്ഞ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നീ പച്ച മനുഷ്യർക്ക്, കുടുംബത്തിന് മാന്യമായ നീതി, കൊലയാളികൾക്ക് മതിയായ ശിക്ഷ, ഇതൊന്നും ഇവരർഹിക്കുന്നില്ലേ? ലീഗണികൾക്ക് ഇത് ഇത്ര നിസാരമായതെന്നാണ്? കെ റയിൽ സമരകാലത്തും മുന്നേയും പിന്നേയും ചുവപ്പോട്
ഉമ്മ
വെക്കാൻ വെമ്പുന്ന പച്ചക്ക് ഈ നിണസാക്ഷ്യങ്ങളെ എത്രകാലം ഓർത്തുവെക്കാനാകും?
എന്നിരിക്കെ, മനുഷ്യരെ നിങ്ങൾ കെഎംബിയോട് കാണിക്കുന്ന ഈ മഹാ പ്രണയത്തിൽ ഒരംശം ഹൃദയമുണ്ടോ? അൺക്ലിയർ പൊളിറ്റിക്സല്ലാതെ എന്ത് മെറിറ്റാണ് നിങ്ങളതിൽ കാണുന്നത്?