എന്താണ് ഖുര്‍ആന്‍?



പാരായണം പുണ്യമായ, ഓരോ അധ്യായങ്ങളും മനുഷ്യ കഴിവിന് അധീതമായ, മുഹമ്മദ് നബിക്ക്(സ) ഇറക്കപ്പെട്ട പദങ്ങളാണ് ഖുര്‍ആനെന്ന് പണ്ഡിതര്‍ നിര്‍വചിക്കുന്നു. (ജംഉല്‍ ജവാമിഅ് 1/223)
മനുഷ്യന്റെ ഇരുലോക വിജയത്തിനാവശ്യമായ സ്ഥിതി വിശേഷങ്ങളെ കുറിച്ചുള്ള ചര്‍ച്ചയാണ് ഖുര്‍ആന്റെ പ്രതിപാദ്യ വിഷയം. അതിന്റെ ലക്ഷ്യം, ദിക്കറിയാതെ സഞ്ചരിക്കുന്ന മനുഷ്യരെ സല്‍പാന്ഥാവ് ചൂണ്ടിക്കാണിച്ച് ആദ്യന്തിക വിജയം കരസ്ഥമാക്കിക്കൊടുക്കലാണ്. ഖുര്‍ആനില്‍ 114 അധ്യായങ്ങളാണുള്ളത്. രണ്ട് അധ്യായങ്ങളെ ഒന്നാക്കി എഴുതിയ ചില സ്വഹാബികള്‍ അധ്യായങ്ങളുടെ എണ്ണത്തില്‍ ചെറിയ അഭിപ്രായാന്തരങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആകെ സൂക്തങ്ങളുടെ എണ്ണത്തിലും അഭിപ്രായന്തരമുണ്ട്. ആറായിരത്തിന് മുകളിലുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു. ആറായിരത്തി അറുനൂറ്റി അറുപത്, ആറായിരത്തി ഇരുന്നൂറ്റി അറുപത് അങ്ങനെ പല അഭിപ്രായവും ഉണ്ട്. ചിലയിടങ്ങളില്‍ സൂക്തം അവസാനിച്ചോ ഇല്ലയോ, ചിലത് രണ്ട് സൂക്തമാണോ ഒന്നാണോ തുടങ്ങിയ വൈവിധ്യങ്ങളാണ് ഈ അഭിപ്രായത്തിനു പിന്നില്‍. ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കെ തന്നെ ഖുര്‍ആനിലുള്ള സൂക്തങ്ങളൊന്നും, അത് ഖുര്‍ആനില്‍ പെട്ടതല്ല, പെട്ടതാണ് എന്നരീതിയില്‍ അഭിപ്രായ ഭിന്നതയില്ല. 
ഖുര്‍ആനില്‍ ആകെ മൂന്നു ലക്ഷത്തി ഇരുപത്തിമൂന്നായിരത്തി അറുനൂറ്റി എഴുപത്തിയൊന്ന് അക്ഷരങ്ങളാണെന്ന് ഇത്ഖാന്‍ പോലെയുള്ള ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ കാണാനാവും.

(തുടരും)