ആഫ്രിക്കയിലേക്ക് മതപ്രബോധനത്തിനയക്കപ്പെട്ട പ്രമുഖ സ്വഹാബിവര്യൻ ഉത്ബതുബ്നു നാഫിഅ്(റ) എന്നവരുടെ താവഴിയിൽപെട്ട സൂഫി പണ്ഡിതൻ ഉസ്മാൻ ദാൻ ഫോദിയോയുടെ മകളായാണ് നാനാ അസ്മാഅ് (1793-1863) ജനിച്ചത്. പിതാവിൽ നിന്നും സഹോദരൻ മുഹമ്മദ് ബെല്ലോയിൽനിന്നും പഠനമാരംഭിച്ച അസ്മാഅ് ഇസ്‌ലാമിക വിജ്ഞാനത്തിൽ അവഗാഹം നേടി.
സ്ത്രീവിദ്യാഭ്യാസത്തിന് വലിയ സ്ഥാനം നൽകുകയും അധ്യാപന രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു നാനാ അസ്മാഅ്. പത്തൊമ്പതാം നൂറ്റാണ്ടിലെ പടിഞ്ഞാറൻ ആഫ്രിക്കയിൽ ജനിച്ച മഹതി സാമൂഹ്യപ്രവർത്തനത്തിലേക്കും വൈജ്ഞാനിക വിപുലീകരണത്തിലേക്കും തന്റെ പ്രവർത്തനമേഖല വിശാലമാക്കി. പിതാവിനെപ്പോലെ അവരും വിജ്ഞാനദാഹികളെ തേടിയും വിദ്യാലയമുറിക്കുള്ളിൽ മതപ്രബോധനം നടത്തിയും ജീവിതം സമ്പന്നമാക്കി. നാനാ അസ്മാഅ് പ്രതിഭാശാലിയായ അധ്യാപികയും മികച്ച വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു. ഉപ്പയെപ്പോലെ നിരവധി പുസ്തകങ്ങളും കാവ്യങ്ങളും രചിച്ച നാനാ സമൂഹത്തിലെ വിജ്ഞാനദാഹികൾക്ക് ആശ്വാസമായി. യുദ്ധകാലത്ത് ധീരയോദ്ധാക്കളുടെ പോരാട്ടജീവിതത്തിന് ദൃക്സാക്ഷിയായ നാനാ അസ്മാഅ് തന്റെ കൃതികളിൽ അവരെക്കുറിച്ചെഴുതി. തന്റെ സമുദായത്തിലെ കുട്ടികൾക്ക് വിദ്യ പകരുന്നതോടൊപ്പം ഒറ്റപ്പെട്ട ഗ്രാമീണ വനിതകളെ ഒട്ടും വ്യാകുലപ്പെടുത്താതെ അവരിലേക്കും പ്രത്യേക പരിശീലനസന്നദ്ധരായ സ്ത്രീകളെ എത്തിച്ചു. ദേശങ്ങൾതോറും വിജ്ഞാന മുന്നേറ്റം ഉണ്ടാക്കിയ സ്ത്രീ അധ്യാപികമാരുടെ സംഘം മഹതിയുടെ ഖ്യാതികൂട്ടി. നാല് ഭാഷകളിൽ പാണ്ഡിത്യം ഉണ്ടായിരുന്നു നാനക്ക്. റസൂലിനെക്കുറിച്ചുള്ള അസ്മയുടെ വരികളിൽ ഇശ്ഖ് പതഞ്ഞൊഴുകി. റസൂലിന്റെ സുന്നത്തിനെ സജീവമാക്കിയും അവിടുന്ന് സിദ്ധാന്തിച്ച ലളിത ജീവിതത്തിന്റെ പ്രചാരണം നടത്തിയും അസ്മാഅ് സൂഫി ജീവിതം നയിച്ചു.
സുന്നത്തിലും ഇസ്‌ലാമിക സിദ്ധാന്തങ്ങളിലും പോറലേൽപ്പിക്കാതെ അസ്മാഅ് സ്ത്രീ സമൂഹത്തെ വിജ്ഞാന വിഹായസിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. വിദ്യതേടുന്നത് ജീവിതത്തിൽ അനിവാര്യമായ ഒരു ശീലമാക്കുന്നതിന് ആഫ്രിക്കയിലെ സമകാലിക സ്ത്രീകൾ നാനാ അസ്മാഇനെ മാതൃകയാക്കി ഇപ്പോഴും ഉദ്ധരിക്കുന്നു.
ഖുർആനും സുന്നത്തും സൂഫി മാർഗവും പിന്തുടരാൻ അസ്മാഅ് സ്ത്രീകളെ പഠിപ്പിച്ചു. അറബിഭാഷയിൽ നാനാ ഒരു വലിയ കാവ്യതേജസ് തന്നെയായിരുന്നു. മഹതിയുടെ കവിതകൾ ഇസ്‌ലാമിന്റെ അടിസ്ഥാനസിദ്ധാന്തങ്ങൾ പഠിപ്പിക്കുന്നു. വിശ്വാസവും ശരിയായ ജീവിതവും അസ്മാഅ് തന്റെ പുസ്തകങ്ങളിൽ ഉണർത്തി. യൗവനത്തിന്റെ അധികകാലവും സ്ത്രീകളുടെ മതവിദ്യാഭ്യാസ പുരോഗതിക്കായി അവർ വിനിയോഗിച്ചു.
നാനാ അസ്മാഇന്റെ പേരിലാണ് ഇന്ന് നൈജീരിയയിലുള്ള ഒരുപാട് മുസ്‌ലിം സ്ത്രീകൂട്ടായ്മകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും. ഖാദിരിയ്യ ത്വരീഖത്തിനെ ആത്മീയപാതയായി സ്വീകരിച്ച നാനാ അസ്മാഇന്റെ കുടുംബം മൗലികമായ ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമായിരുന്നു. പ്രക്ഷുബ്ധമായ അന്നത്തെ രാഷ്ട്രീയ ചുറ്റുപാടിലേക്ക് ഉൾക്കാഴ്ച നൽകുന്ന ചരിത്ര പ്രമാണങ്ങൾ, കീർത്തന രചനകൾ- അവരുടെ കൃതികളിൽ ആവർത്തിച്ചിട്ടുണ്ട്. സുന്നത്തിനെയും ഇസ്‌ലാമിക നിയമങ്ങളെയും സ്ത്രീ അവകാശങ്ങളെയും മഹതിയുടെ കാവ്യങ്ങൾ ഊന്നിപ്പറഞ്ഞു.
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചു പഠിപ്പിച്ച നാനാ സ്ത്രീ പഠിതാക്കളുടെ ശൃംഖല തന്നെ രൂപപ്പെടുത്തി. മുസ്‌ലിം സ്ത്രീകൾ ഒരു പഠനപ്രവർത്തനം പോലെ നാനായുടെ കാവ്യങ്ങൾ മനഃപാഠമാക്കി.
അറിവിനും ആത്മീയതക്കുമായി സമർപ്പിക്കപ്പെട്ട ആ ജീവിതം 1869ൽദൗത്യമവസാനിപ്പിച്ച് അല്ലാഹുവിലേക്ക് യാത്രയായി. മഹതിയുടെ മഖാം ഇന്ന് സൊക്കോട്ടോയിൽ ഒരു പ്രാർഥനാ മന്ദിരമായി നിലകൊള്ളുന്നു. പഠിക്കുന്നതിന്റെയും പഠിപ്പിക്കുന്നതിന്റെയും മേന്മ ഉയർത്തിപ്പിടിച്ച നാനായുടെ ജീവിതം ഇന്നും മുസ്‌ലിം സ്ത്രീ സമൂഹത്തിന് പ്രോത്സാഹനമാണ്. നമ്മുടെ ചരിത്ര സാമൂഹിക വായനകളിൽ നാനാ തീർച്ചയായും കടന്നു വരണം. സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചർച്ചകളിൽ അവരെ മാറ്റിനിർത്താനാകില്ല. മതം അനുശാസിക്കുന്ന അതിരുകൾക്ക് അകത്തുനിന്ന് ഒരു മുസ്‌ലിം സ്ത്രീക്ക് എത്രത്തോളം സാമൂഹിക പ്രവർത്തനങ്ങളിൽ മുഴുകാമെന്നും എത്രത്തോളം ഔന്നത്യം കരഗതമാക്കാമെന്നും തെളിയിക്കുന്നതാണ് നാനാ അസ്മാഇന്റെ ജീവിതം. അവർ നടത്തിയ അവിരാമ പരിശ്രമത്തിന്റെ ഫലശ്രുതിയാണ് ഇന്നു ആഫ്രിക്കയിൽ പലയിടങ്ങളിലും പ്രകടമാകുന്ന മുസ്‌ലിം സ്ത്രീകളുടെ സാമൂഹിക മുന്നേറ്റവും വിദ്യാഭ്യാസ പുരോഗതിയും.
0 അഭിപ്രായങ്ങള്‍
Thanks