അന്ത്യാഭിലാഷം




അവസാനത്തെ 
പടിവാതിലിനു പിന്നില്‍ 
കഴുത്തില്‍ 
കയര്‍ കുരുക്കിട്ട് 
ഇരുട്ടെന്നോട് പറയുന്നു:

ചുണ്ടനങ്ങരുത്, 
തൂലിക ചലിക്കരുത്, 
കിനാവുകളെ അറുത്തിടുക, 
ഇല്ലെങ്കില്‍ 
തള്ളിയിടും 
ജീവിതാന്ത്യത്തിന്റെ 
കൊക്കയിലേക്ക്. 

ഞാന്‍ ഒച്ചയില്ലാതെ വീഴും 
നേര്‍ത്ത് വീണൊടുങ്ങുന്ന 
മഴത്തുള്ളി പോലെ, 
എന്റെ ഹൃദയം നിലക്കും 
നനഞ്ഞ വിഷുപ്പടക്കം പോലെ, 

പക്ഷേ, 
കറുത്തനൂല്‍ കൊണ്ട് 
നിങ്ങള്‍ ബന്ധിച്ച 
എന്റെ ചുണ്ടുകള്‍ 
വലിച്ചു കീറിയലറും, 

ചങ്ങലകള്‍ 
വിലങ്ങുവെച്ച കൈകള്‍ 
തൂലിക പിടിച്ച് 
മുഷ്ടിചുരുട്ടും, 

കുരിശില്‍ ആണിയടിച്ച 
തൊണ്ടക്കുള്ളില്‍ നിന്ന് 
ആത്മാവ് വിട്ടകലും വരെ 
ഒരാര്‍ത്തനാദമുയരും 
'സ്വാതന്ത്ര്യം'. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍