മുഹമ്മദലി കിനാലൂര്‍ എഴുതുന്നു
....................................................
പ്രബോധനം വാരികയില്‍ എന്‍ ഡി എഫിനെതിരെ ഈ ലേഖനം എഴുതാന്‍ നിര്‍ബന്ധിതമായ സാഹചര്യം സി ദാവൂദ് മറന്നിരിക്കാനിടയില്ല. നെടുമ്പാശ്ശേരിയില്‍ തല്ലുകൊണ്ട ജമാഅത്തുകാരനായ പ്രവാസി ഉദ്യോഗസ്ഥനും തല്ലിയ എന്‍ ഡി എഫുകാരും അതിന്റെ കാരണം ഓര്‍ത്തുവെക്കുന്നുണ്ടാകും. സൗദി അറേബ്യയില്‍ തേജസ് പത്രത്തിന്റെ വിതരണത്തിന് ഇടങ്കോലിടുന്നത് ഈ ജമാഅത്തുകാരനാണ് എന്നായിരുന്നു എന്‍ ഡി എഫുകാരുടെ 'ന്യായം'. റിയാദിലേക്ക് തിരികെ പോകാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഭാര്യാസമേതനായി എത്തിയ ടിയാനെ എന്‍ ഡി എഫുകാര്‍ സാമാന്യം നന്നായി കൈകാര്യം ചെയ്തു എന്നാണ് ലേഖനത്തില്‍ നിന്ന് മനസിലാകുന്നത്. 'പാസ്‌പോര്‍ട്ടും പണവുമടങ്ങിയ ബാഗും കവര്‍ച്ച ചെയ്യപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭാര്യയെ ക്രിക്കറ്റ് ബാറ്റു കൊണ്ട് അടിച്ചുപരുവമാക്കി. രണ്ടു ദിവസത്തിനകം പ്രതികളെ പൊക്കി. എല്ലാവരും എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളില്‍ നിന്നുള്ള എന്‍ ഡി എഫ് പ്രവര്‍ത്തകര്‍. തൃക്കരിപ്പൂരുള്ള ഗള്‍ഫുകാരനെ നെടുമ്പാശ്ശേരിയില്‍ വെച്ച് എറണാകുളത്തെ എന്‍ ഡി എഫുകാര്‍ ലക്ഷ്യം വെച്ച് ആക്രമിച്ച് കൊള്ളയടിക്കണമെങ്കില്‍ വളരെ കൃത്യമായ ആസൂത്രണവും മേലെ നിന്നുള്ള നിര്‍ദേശവും വന്നിരിക്കണം.' എന്‍ ഡി എഫുകാര്‍ പ്രതിയായ മറ്റൊരു അക്രമണത്തിലും ഇല്ലാത്ത രോഷമാണ് ലേഖനത്തില്‍ അണപൊട്ടുന്നത്. ഈ ഗള്‍ഫുകാരന്‍ കേരള ജമാഅത്തെ ഇസ്ലാമിക്ക് എത്ര പ്രിയപ്പെട്ടയാളാണ് എന്ന് മനസിലാക്കിത്തരുന്നുണ്ട് ഈ രോഷപ്രകടനം.
മാധ്യമത്തിന്റെ പഴയ പത്രാധിപരുടെ ഒരേറ്റുപറച്ചില്‍ ഇന്നലെ സമൂഹമാധ്യമങ്ങളില്‍ ഓടിയിരുന്നല്ലോ. ഖത്തറില്‍ ഒരു പത്രത്തിന്റെ (മാതൃഭൂമി ആണെന്ന് ഞാന്‍ കരുതുന്നു) വിതരണം തടസപ്പെടുത്താന്‍ മാധ്യമത്തിന് വേണ്ടി താന്‍ ഇടപെട്ടു എന്നാണ് കക്ഷി പറയുന്നത്. ഖത്തറില്‍ സിറാജ് പത്രത്തിന്റെ വിതരണം നിര്‍ത്തിച്ചതില്‍ ജമാഅത്തിന്റെ കൈകടത്തലുണ്ടായതായും ആ സംസാരത്തിലുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നോര്‍മിപ്പിക്കാനും ആശയപരമായി ഉറ്റബന്ധുക്കളായ എന്‍ ഡി എഫുകാരുടെ പത്രത്തിനെതിരെ സൗദിയില്‍ കുത്തിത്തിരുപ്പ് നടത്തിയ പരിണിതപ്രജ്ഞരാണ് കേരള ജമാഅത്തുകാര്‍ എന്ന് പറയാനുമാണ് 'സീതി'യുടെ ലേഖനം എടുത്തിട്ടത്. ഒരു രാഷ്ട്രീയനേതാവ് മാത്രമായ കെ ടി ജലീല്‍ മാധ്യമത്തിനെതിരെ യു എ ഇയിലേക്ക് കത്തെഴുതിയത് തെറ്റും സമഗ്ര ഇസ്ലാമിക പ്രസ്ഥാനം എന്നവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമി ഏതാണ്ടെല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മറ്റു മലയാളം പത്രങ്ങള്‍ക്ക് പൂട്ടിടാന്‍ പണിപ്പെട്ടത് പുണ്യപ്രവൃത്തിയും ആകുമോ? ഇവിടെ ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും. അവിടെ കുത്തിത്തിരുപ്പും വഴിമുടക്കലും. ഇതാണോ ജമാഅത് ലൈന്‍. അരിശം തീര്‍ക്കേണ്ടത് മാധ്യമങ്ങളോടല്ല എന്ന് ജലീലിനെ ഉപദേശിക്കുന്നതോടൊപ്പം തന്നെ കണ്ണാടിക്ക് മുമ്പില്‍ നിന്ന് ആ വാചകം ആവര്‍ത്തിച്ചു ചൊല്ലിപ്പഠിക്കാന്‍ കൂടി സി ദാവൂദ് സമയം കണ്ടെത്തണം എന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു.
'വാക്കുകള്‍ക്ക് പൂട്ടിടാന്‍' ഖത്തറിലെ ഭരണസ്വാധീനം ഉപയോഗിച്ചു എന്നതില്‍ പശ്ചാതപിക്കാന്‍ ജമാഅത് നേതാക്കള്‍ക്കും ഇതൊരു നല്ല അവസരമാണ്. താന്‍ മാധ്യമത്തിനെതിരെ യു എ ഇക്ക് കത്തയച്ചിട്ടുണ്ട് എന്ന് സമ്മതിക്കാനുള്ള സത്യസന്ധത കെ ടി ജലീല്‍ കാണിച്ചു. ആ കത്തയക്കലില്‍ നിയമപ്രശ്‌നം ഉണ്ടെങ്കില്‍ അതിനുള്ള ശിക്ഷയും അദ്ദേഹം അനുഭവിക്കട്ടേ. ഒരു പത്രത്തോട് വിയോജിക്കേണ്ടത് ഇങ്ങനെ ആണോ എന്ന് അദ്ദേഹം ചിന്തിക്കുകയും ചെയ്യട്ടേ. പക്ഷേ വ്യക്തിയിലുപരിയായ ഒരു പ്രസ്ഥാനം എന്ന നിലക്ക് ജമാഅത്തെ ഇസ്ലാമിക്ക് അധിക ധാര്‍മിക ബാധ്യതകള്‍ ഉണ്ടല്ലോ ഇതില്‍. അത് മനസിലാക്കി, മറ്റു പത്രങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ സ്വീകരിച്ച കുത്തിത്തിരുപ്പില്‍ ഒരു തുറന്നുപറച്ചില്‍/ക്ഷമാപണം ജമാഅത്തെ ഇസ്ലാമി നേതാക്കളില്‍ നിന്നും വൈകാതെ ഉണ്ടാകുമായിരിക്കും. അങ്ങനെ കൂടിയാണല്ലോ പ്രസ്ഥാനം 'സമഗ്രം' ആകേണ്ടത്.
0 അഭിപ്രായങ്ങള്‍
Thanks